മുംബൈ: മഹാരാഷ്ട്ര പുനെ നഗരത്തിലെ ചരിത്ര സ്മാരകമായ ശനിവാര്‍ വാഡ കോട്ടയിൽ മുസ്ലീം സ്ത്രീകള്‍ നിസ്കരിച്ച സ്ഥലത്ത് ബിജെപി എംപിയുടെ നേതൃത്വത്തിൽ ഗോമൂത്രം തളിച്ച് "ശുദ്ധികലശം'നടത്തി. ശിവപ്രാര്ഥനയും നടത്തി.
ബിജെപി രാജ്യസഭാ എംപി മേധാ കുൽക്കര്‍ണിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പതിത് പവൻ, ഹിന്ദു സകാൽ സമാജം തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അവിടെ ഗോമൂത്രം തളിച്ചതിനു ശേഷം ശിവപ്രാർഥന നടത്തുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് ശനിവാര്‍ വാഡ സന്ദര്‍ശിക്കാനെത്തിയ മുസ്ലീം സ്ത്രീകള്‍ കോട്ടവളപ്പിലെ ഒഴിഞ്ഞസ്ഥലത്ത് നിസ്കരിച്ചത്.
ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ബിജെപി എംപിക്കെതിരെ രംഗത്തെത്തി. മറാഠ സാമ്രാജ്യത്തിലെ പേഷ്വയുടെ ഔദ്യോഗിക വസതിയായ 13 നിലകളുള്ള ശനിവാര്‍ വാഡ കോട്ട 1732ൽ ബാജിറാവു ഒന്നാമന്റെ കാലത്താണ് നിര്‍മിച്ചത്. 1828ല്‍ തീപിടിത്തത്തിൽ നശിച്ചെങ്കിലും അവശേഷിക്കുന്ന ഭാഗം ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യക്ക് കീഴിലുള്ള സംരക്ഷിത സ്മാരകമാണ്.